Monday, May 28, 2007

ഒരു ശനിയാഴ്ച രാത്രി...

ഒരു ശനിയാഴ്ച രാത്രി...

FADE IN: ഒരു മൂന്നുനില കെട്ടിടത്തിലെ ഒന്നാംനിലയിലെ 2 BHK വീട്‌. സമയം രാത്രി 10 മണി. ഡോര്‍‌ തുറക്കുന്നു. വീ മൂവ് ഇന്‍. അതൊരു ഹാള്‍‌ ആണ്. വലതുവശത്തെ ചുവരിലുള്ള ട്യൂബാണ് ആ മുറിയിലെ പ്രകാശ സ്രോതസ്‌. രണ്ട് മൂന്ന്‌ ദിവസത്തെ ന്യൂസ് പേപ്പറുകള്‍ കുറച്ചെണ്ണം തറയിലും കുറച്ചു മേശപ്പുറത്തുമായി കിടക്കുന്നു. ടിവിയില്‍ ഒരു ഫോര്‍മുലാ വണ്‍‌ റേസ്‌ കാണിയ്ക്കുന്നു. കമ്പ്യൂട്ടറില്‍ "മന്‍‌സിലേന്‍ അപ്‌നി ജഗഹ്‌ ഹെ...." എന്ന ഗാനം പാടിക്കൊണ്ടിരിയ്കുന്നു.

മൂന്നു ചെറുപ്പ(?)ക്കാര്‍ - വാസു(23), സഹു(23), ലാലു(23) - കസേരയിലിരുന്നു ബിയര്‍ കുടിയ്ക്കുന്നു. തറയില്‍ ഒരു കേസ്‌ ബിയറിന്റെ കാര്‍‌ഡ്‌ബോര്‍‌ഡ് ബോക്സ്‌ കിടക്കുന്നു. അതിനകത്ത് അഞ്ച്‌ കാലിക്കുപ്പികളും കാണാം.

സഹുവും ലാലുവും കാര്യമായ എന്തോ ചര്‍‌ച്ചയിലാണ്. വാസു കൈയിലുള്ള ബിയര്‍ ബോട്ടിലിലേയ്ക്ക്‌ നോക്കി, ലൈറ്റിലേയ്ക്ക് തിരിച്ചുവച്ച് അതിന്റെ ലേബല്‍ വായിയ്ക്കാന്‍ നോക്കുന്നു. [പഞ്ചാബി ഹൌസിലെ ഹരിശ്രീ അശോകനെ പോലെ]


സഹു: "ശരിയ്ക്കും പറഞ്ഞാല്‍ ഓരോ ആളിനേയും നമ്മള്‍ പരിചയപ്പെടുമ്പോള്‍ ഇടയില്‍ ഉള്ള മതിലില്‍ ഒരു ജനല്‍ ഉണ്ടാകുകയല്ലേ ചെയ്യുന്നത്‌? വളരെയധികം കോണ്‍‌ഫിഗറബ്‌ള്‍ ആയ ജനലുകള്‍. എപ്പോള്‍ വേണേലും റീ സൈസ്‌ ചെയ്യാവുന്ന, രണ്ട് ഭാഗത്തു നിന്നും അടയ്ക്കാവുന്ന ജനലുകള്‍... കൊച്ചിലേ ഉണ്ടാക്കുന്ന ജനലുകള്‍ വലിയ ഡൈമന്‍‌ഷന്‍ ഉള്ളവ ആയിരിയ്ക്കും.... പിന്നെ പയ്യെ പയ്യെ പുതുതായി ഉണ്ടാകുന്ന ജനലിന്റെ സൈസ്‌ കുറഞ്ഞു കുറഞ്ഞു വരും.... നീ ശ്രദ്ധിച്ചു നോക്കു, നിന്റെ ക്ലോസ്‌ ഫ്രണ്ട്സ്‌ മിക്കവാറും നീ ടീനേജ്‌ കഴിയുന്നതിനു മുമ്പേ ഉണ്ടാക്കിയതായിരിയ്ക്കും... ചില ജനലുകള്‍ ഒരു ഭിത്തി മുഴുവനും ഉണ്ടാകും. അതായതു ജനല്‍‌ കൊണ്ടൊരു ഭിത്തി. ചില ജനലുകള്‍ കാലക്രമേണ ചുരുങ്ങി പോകും"


ലാലു: "ഇതു നീ അപഹരിയ്ക്കപ്പെട്ട ദൈവങ്ങള്‍ വായിച്ചപ്പോള്‍ കിട്ടിയതല്ലേ. ഇതുപോലെങ്ങാണ്ടൊന്ന് അതില്‍ വായിച്ചതായി എനിയ്ക്കോര്‍‌മ്മയുണ്ട്. ചുവരില്ലാത്തപ്പോള്‍ ജനാലയുടെ ഇംപോര്‍‌ട്ടന്‍സിനെ പറ്റിയോ മറ്റോ"

ആ സമയത്ത്‌ ഒരു മൊബൈല്‍ റിങ്ങ്‌ ചെയ്യുന്നു. വാസു സംസാരിച്ചോണ്ട്‌ പുറത്തു കടക്കുന്നു.

[ കോറിഡോറില്‍ നിന്നുള്ള വ്യൂ ]

വാസു മൊബൈലില്‍ സംസാരിച്ചുകൊണ്ട് പുറത്തുവന്ന് കോറിഡോറിന്റെ മറ്റേ അറ്റത്തേയ്ക് നടക്കുന്നു.

[സൂം ഔട്ട്. മുകളീന്നുള്ള വ്യൂ....]

വാസു ഇപ്പോള്‍ കോറിഡോറിന്റെ അറ്റത്തെത്തി. താഴെ ഓപ്പൊസിറ്റ് സൈഡിലെ ബില്‍ഡിങ്ങില്‍ നിന്നും ഒരു പെണ്‍‌കുട്ടി ഒരു പോമറേനിയന്‍ പട്ടിയുമായി ഇറങ്ങി വരുന്നു. വരുന്ന വഴി അവള്‍ വാസുവിനെ നോക്കി പുഞ്ചിരിയ്ക്കുന്നു. വാസു അപ്പോഴും ഫോണില്‍ തന്നെ. ലവള്‍ പട്ടിയെ 1-2 പരിപാടികള്‍ക്കായി കൊണ്ടുപോകുന്നു.

CUT. TO: അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും രണ്ട് ബിയര്‍ ബോട്ടിലുമായി സഹു ഹാളിലേയ്ക്ക്‌.

ലാലു: എടാ, ദൈവത്തിന്റെ നീതി എന്നു പറയുന്ന ഒന്നു ശരിയ്ക്കും ഉണ്ടോ? ഞാന്‍ ചോദിയ്ക്കാന്‍ കാരണം എന്താച്ചാല്‍, നമ്മളെ കണക്കിനുള്ള ഊളകള്‍‌ ആരുടേയോ ഭാഗ്യം കൊണ്ട്‌ ഈ നിലയില്‍ എത്തി.... പകലന്തിയോളം പണിയെടുത്ത്‌ വെറും ഇരുപതു ഇരുപത്തഞ്ച്‌ രൂപ മാത്രം കൂലി കിട്ടുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവര്‍‌ക്കെന്നാണ്‌ ഇങ്ങനെ ഒരു സമയം വരുന്നത്‌?

സഹു : നീ പറഞ്ഞത്‌ ശരിയാണ്. ദൈവം ഒരു ശരിയായ സോഷ്യലിസ്റ്റ്‌ ആയിരിയ്ക്കണം.

ലാലു: ദൈവം ഒരിയ്ക്കലും പാര്‍‌ഷ്യാലിറ്റി കാണിയ്ക്കരുത്‌. പള്ളി/അമ്പലത്തില്‍ പോകുന്നവരേയും പോകാത്തവരേയും ഒരേ പോലെ കാണണം. പ്രാര്‍‌ത്ഥിയ്ക്കുന്നവരെ മാത്രം നോക്കുവാണേല്‍ ദൈവവും ലീഡറും തമ്മില്‍ എന്തു വ്യത്യാസം?

സഹു: ഇപ്പൊ ദൈവത്തിന്റെ പേര് കുറച്ചാളുകള്‍ സ്വന്തം കാര്യലാഭത്തിനു വേണ്ടി ഉപയോഗിയ്ക്കുന്നു.

ലാലു: അങ്ങനെ ആണെല്‍ യുദ്ധങ്ങളും ചിലരുടെ മാത്രം ലാഭത്തിനു വേണ്ടിയല്ലേ നടക്കുന്നത്? നീ മൈക്കല്‍ മൂറിന്റെ ഫാരന്‍‌ഹീറ്റ്‌ 9/11 കണ്ടിട്ടില്ലേ?

സഹു: അശോകന്റെ ബുദ്ധമത സ്നേഹത്തെപ്പറ്റി നിനക്കെന്തു തോന്നുന്നു? വലിയൊരു സാമ്രാജ്യം കൈവശമായപ്പോള്‍ ഇനി ഫര്‍‌തര്‍ അറ്റാക്ക്‌ വരാതിരിയ്ക്കാന്‍ വേണ്ടി പുള്ളി കണ്ടുപിടിച്ച എളുപ്പവഴിയായിക്കൂടെ അത്‌?

ലാലു: അല്ലേലും ഹിസ്റ്ററി എന്നു പറയുന്നത് ജയിച്ചവന്റെ മാത്രം കഥയല്ലേ? കലിംഗന്റെ വെര്‍‌ഷന്‍ ആരും കേട്ടിട്ടില്ലല്ലോ. മാത്രവുമല്ല പല ഭരണാധികാരികളും അവരുടെ താത്‌പര്യത്തിനനുസരിച്ച് പലേ രേഖകളും നശിപ്പിക്കുകയും ചെയ്തിരിയ്ക്കാം, ഡാവിന്‍‌സി കോഡിനകത്ത്‌ ഡാന്‍ ബ്രൌണ്‍ ക്രൂസേഡ്‌സിനെ പറ്റി പറഞ്ഞപോലെ.

വാസു സ്റ്റെപ്സ് ഇന്‍. പുള്ളി കുറച്ചു ഡെസ്പ് ആണ്.

സഹു: യൂറോപ്പിലെ ജീവിതം കുറച്ചൂടെ നല്ലതാണെന്ന് എനിയ്ക്കു തോന്നുന്നു.

ലാലു: വൈ?

വാസു: ഡേയ് ഡേയ്. വിട്ടുപിടി. ഇത്രയും കാലം വെള്ളമടിയ്ക്കുമ്പോള്‍ ഈ നാട്ടിലെ ഇരിയ്ക്കേം ചിരിയ്ക്കേം കരയേം നടക്കേം ചെയ്യുന്ന പെണ്‍കുട്ടികളെപ്പറ്റി മാത്രം സംസാരിച്ചോണ്ടിരുന്ന നിങ്ങള്‍ക്കിതെന്തുപറ്റി. ഇന്നത്തെ ബിയറില്‍ സ്യൂഡോ ബുദ്ധിജീവി ആകാനുള്ള വല്ല ചേരുവയും ഉണ്ടായിരുന്നോ?

[ സഹു വാസുവിന്റെ വാക്കുകള്‍ ശ്രദ്ധിയ്ക്കാതെ, പറഞ്ഞുകൊണ്ടിരുന്ന കാര്യം കണ്‍‌ടിന്യൂ ചെയ്യുന്നു ]

സഹു: നമ്മുടെ കാര്യം തന്നെ എടുക്കാം, നീ വേണ്ട എന്നു വിചാരിച്ചാല്‍ പോലും കല്ല്യാണം കഴിയ്ക്കാതെ നില്‍ക്കാന്‍ പറ്റില്ല.... അപ്പോഴേയ്ക്കും വീട്ടുകാര്‍ സെന്റിമെന്റ്സ്‌ എന്ന ബ്രഹ്മാസ്‌ത്രം പ്രയോഗിയ്ക്കും. അങ്ങനെ എവിടെയോ കിടക്കുന്ന ഒരു നല്ല കുട്ടിയുടെ ബാക്കി ജീവിതം നമ്മളെ കണക്കുള്ള കൂറകളുടെ കൂടെ ആകും.

ലാലു: അതും യൂറോപ്പുമായി എന്തു ബന്ധം?

സഹു: അവിടെ ഫാമിലി സെറ്റപ്പ്‌ തന്നെ വേറെ തരത്തിലല്ലേ.... തിങ്ക്‌ എബൌട്ട് ദാറ്റ്‌. എന്താണ് ഇന്ത്യയില്‍ ഒരു ജോര്‍‌ജ്ജ്‌ ആഡംസണോ ജേന്‍ ഗുഡ്‌ഓളോ ഉണ്ടാകാത്തേ? ഇവിടെ നീ അങ്ങനെ ആകണം എന്നു വിചാരിച്ചാല്‍ പോലും അങ്ങനെ പോകാന്‍ പറ്റില്ല. അതു നമ്മുടെ നാട്ടിലെ ഫാമിലി സെറ്റപ്പിന്റെ കുഴപ്പം അല്ലേ?

ലാലു: രണ്ടിനുമില്ലേ അതിന്റേതായ നല്ലവശങ്ങള്‍? നീ ചുമ്മാ അക്കരെപ്പച്ച എന്ന രീതിയില്‍ സംസാരിയ്ക്കരുത്‌. പെട്ടെന്നു പിടിച്ചു പെണ്ണുകെട്ടിയ്ക്കുന്നു എന്നതാണോ നിന്റെ പ്രശ്നം?

സഹു: ഇവിടെ മാരേജ് എന്നത്‌ ചായ കുടിയ്ക്കാനുള്ള ഒരു ലീഗല്‍ ലൈസെന്‍സ്‌ തരലല്ലേ?

ലാലു: അവിടെ നിനക്കുതെറ്റി. ദേര്‍ ഈസ് ലോട് ടു ഇറ്റ്. അത് കേവലം ഒരു ചായകൂടി ലൈസെന്‍സ് മാത്രമായി കുറച്ചുകാണരുത്.

സഹു: ബേസികലി മനുഷ്യനും മറ്റു മൃഗങ്ങളെപ്പോലെ പോളിഗാമസ് ആണല്ലോ പിന്നെ എന്തിനാ അതു സപ്രസ് ചെയ്യാന്‍ നോക്കുന്നേ?

ലാലു: കപടമോ അല്ലാത്തതോ ആയ സദാചാരബോധവും ഉള്ളിലെ മൃഗവും തമ്മിലുള്ള ഒരു സ്ട്രഗിള്‍ അല്ലേ ജീവിതം? പോളിഗമി സദാചാര വിരുദ്ധമായി പൊതുവേ കരുതപ്പെടുമ്പോള്‍?

വാസു, റിലേ ശരിയാക്കാന്‍ വേണ്ടി തല നല്ലോണം കുലുക്കുന്നു. വാസു നോക്കുമ്പോള്‍ സഹുവും ലാലുവും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ വാസുവിന് ഒന്നും കേള്‍ക്കുന്നില്ല. അവരുടെ ചുണ്ടനങ്ങുന്നത് കണ്ട് വാസുവിന്റെ പേടി കൂടുന്നു. കാണുന്നത് സത്യമാണോന്നറിയാന്‍ കണ്ണ് ശക്തിയായി തിരുമ്മുന്നു. പിന്നേം തല നല്ലോണം കുലുക്കുന്നു.... അവസാനം റിലേ ശരിയായി.


സഹു: ........ റിവര്‍ പെഡ്ര ഒരു നല്ല പുസ്തകം അല്ലെന്നല്ല ഞാന്‍ പറഞ്ഞത്‌. ലാറ്റിന്‍ അമേരിക്കന്‍ രചനകള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ ഓഷോ പണ്ട് പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അവിടെ കാണാം. അതിന്‌ അന്ന്‌ വേണ്ട പ്രാധാന്യം കൊടുക്കാതെ ഇപ്പൊ ലാറ്റിന്‍ അമേരിക്ക എന്നു പറഞ്ഞ് നടക്കുന്നതിനെപ്പറ്റിയാണ്.

വാസു ക്ഷമ നശിച്ച് തല മാന്തിത്തുടങ്ങി.

വാസു: മനോഹരന്‍‌മാരേ... രാവിലെ നേരത്തേ എണീയ്ക്കണ്ടെ? അപ്പുറത്തെ വീട്ടിലെ കുട്ടി പട്ടിയുമായി ജോഗിങ്ങിനിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ എസ്‌കോര്‍‌ട്ട്‌ പോകണ്ടേ? അതു കഴിഞ്ഞ് നാളെ മോണിങ് ഷോയ്ക്ക് പോകണ്ടേ. ഇത്രയ്ക്ക് വെളിവില്ലാതാകരുത്.

ലാലു: നീ തന്നെ ഇതു പറയണം. ഇന്ന്‌ രാവിലെ വരെ നീ ഈ ജോഗിങ്ങ്‌ എസ്കോര്‍ട്ടിന് എതിരായിരുന്നല്ലോ. ഇപ്പൊ എന്തു പറ്റി?

വാസു: പെണ്ണ്‌ ചതിയ്ക്കും കള്ള്‌ ചതിയ്ക്കില്ല, കുടിച്ചാല്‍ കിക്കാകും ഒറപ്പ്‌.

ലാലു: നീ കാര്യം ന്താച്ചാല്‍ തെളിച്ചു പറയ്‌.

വാസു: മാഗി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. രണ്ടുകൊല്ലത്തിനുശേഷം, ഇപ്പൊ അവള്‍ക്ക്‌ പറ്റില്ലാന്ന്‌. അവള്‍ കുറേ കാരണങ്ങള്‍ പറഞ്ഞു. ഒന്നും എനിയ്ക്കു ഒരു കാരണമായിത്തോന്നിയില്ല. ഇതെല്ലാം ഇപ്പൊ എവിടുന്നു വന്നു എന്ന ചോദ്യത്തിന് അവള്‍ ഒരു ഉത്തരവും തന്നില്ല. അതാ ഞാന്‍ പറഞ്ഞേ പെണ്ണ്‌ ചതിയ്ക്കും കള്ള്‌ ചതിയ്ക്കില്ല, കുടിച്ചാല്‍ കിക്കാകും ഒറപ്പ്‌. ഞാന്‍ ഒറങ്ങാന്‍ പോകുന്നു. ഗുഡ്‌ നൈറ്റ്.

[BLACK OUT]

വാല്‍‌കഷ്ണം:

ഞായറാഴ്ച രാവിലെ. മെയിന്‍ ഡോറിനു പിറകില്‍ ഒരു നോട്ട്. സൂം ഇന്‍.

ഞാനിന്നലെ പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു. വി റീകണ്‍സൈല്‍ഡ്. സോറി ഗയ്സ്, ഐ വോണ്ട് ബി ഏബിള്‍ റ്റു മേക് ഇറ്റ് റ്റു ദ മൂവി. ഐ ഹാവ് റ്റു ഗോ സീ അബൌട്ട് എ ഗേള്‍*.

വാസു.

* ഗുഡ് വില്‍ ഹണ്ടിങ്ങിലെ ഒരു ലൈന്‍.

Monday, May 7, 2007

ഒരടി.... ജസ്റ്റ്‌ മിസ്.....

കലികാലം.... അല്ലാണ്ടെന്താ പറയാ..... സന്ദീപിനും ബ്ലോഗേ....
ഈ ക്രൂരകൃത്യത്തിന് എന്നെ പ്രകോപിപ്പിച്ചത്‌ പ്ലാസ്റ്റിക്‌ സ്ലിപ്പോണാണ്...


വെന്‍ ഐ വാസ് ഇന്‍ 1995...... ഓ. സോറി. ഞാന്‍ 9ല്‍ പഠിയ്ക്കു(?)ന്നു ....

ഒരിയ്ക്കല്‍ ഞാന്‍ പിതാശ്രീയുടെ കൂടെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയതാണ് സന്ദര്‍‌ഭം.... . ഞങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ ഒരു മാന്യദേഹം പിതാശ്രീയെ അപ്രോച്ച് ചെയ്തു. എനിയ്ക്ക് യാതോരു പേടിയും തോന്നിയില്ല.... അത് പിതാശ്രീടെ ഫ്രന്റ്സ് വല്ലോം ആകും.....
പക്ഷെ പുള്ളിയുടെ ഫസ്റ്റ് ഡയലോഗ് ജോസ്‌ പ്രകാശ്‌ സ്റ്റൈലില്‍ ആയിരുന്നു....

"നിങ്ങടെ മോനോട് മര്യാദയ്ക്ക് നടക്കാന്‍ പറ... ഇനിയും എന്റെ മോളുടെ പുറകെ നടന്നാല്‍ അടിച്ചു കാലൊടിച്ചു കളയും എന്നു പറഞ്ഞേക്ക്".

ഇത്രയും പറഞ്ഞിട്ടും അദ്ദേഹം എന്നെ മൈന്റ് ചെയ്യുന്നില്ല....
ഞാന്‍ ടോട്ടലി ഡെസ്പ് ആയി..... ഏയ് .. 'ആ' കുട്ടിയുടെ അച്ഛന്‍ ഇയാളല്ല.. അദ്ദേഹത്തെ കാണുമ്പോള്‍ മാറി നടക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കാറുണ്ട്.... മാത്രവുമല്ല അത് ഒരു എസ്കലേഷന്‍ വേണ്ട ഘട്ടത്തില്‍ എത്തിയിട്ടില്ല.... ഇനി ഇതാരാണാവോ?

ഭാഗ്യത്തിന് പിതാശ്രീ എന്റെ മേല്‍ കൈ വെക്കുന്നേന്‌ മുമ്പേ ഒരു ഫൈനല്‍ ചെക്കിങ് നടത്തി......
എന്നെ പിടിച്ച് വലിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ നിര്‍ത്തി എന്നിട്ടൊറ്റ ചോദ്യം ...

"ഇവനാണോ?".

എന്റെ നല്ല ജീവന്‍ പോയി. എങ്ങാനും "അതെ" എന്ന രണ്ടക്ഷരം മറുപടി ആയി വന്നാല്‍..... പിന്നെ എന്റെ പൊടി പോലും ഇല്ല കണ്ടുപിടിയ്ക്കാന്‍ എന്നാവും.....

അച്ഛന്റെ പൊതുവേ ഉള്ള രസം ശാന്തം ആണെങ്കിലും ദേഷ്യം വന്നാല്‍ ആ പരിസരത്തു നില്‍ക്കരുത് എന്നു മറ്റരേക്കാളും നന്നായി എനിയ്കറിയാം.

എന്റെ ഒരപ്പീലും ഈ കോടതി പരിഗണിയ്ക്കില്ല.... കാരണം ഇതു സാധാരണ കേസ് അല്ല... "പെണ്ണ് കേസ്" അല്ലേ... അനിവാര്യമായ വിധിയും കാത്ത് ഞാന്‍ നിന്നു.

സാധാരണ ഇംഗ്ലീഷ്, കണക്ക് എന്നീ പരീക്ഷകള്‍ക്ക് എക്സാം ഹാളില്‍ കേറുന്നേനു മുമ്പ് മാത്രം വിളിച്ചിരുന്ന എല്ലാ ദൈവങ്ങളെയും മാറി മാറി വിളിച്ചു.......
മനസ്സുരുകി പ്രാര്‍‌ത്ഥിച്ചാല്‍ ദൈവം വിളി കേള്‍‌ക്കും എന്ന് അന്നെനിയ്ക്കു ശരിയ്ക്കും ബോധ്യമായി......

ജോസ്‌ പ്രകാശിന്റെ മറുപടി വന്നു .. "ഇവനല്ല.... നിങ്ങടെ മൂത്തമോന്‍"
ഇപ്പൊ ഞാന്‍ ശരിയ്ക്കും ഞെട്ടി. [എന്തിനാണ് ഞെട്ടിയത്‌ എന്ന്‌ ഇന്നും എനിയ്ക്കറിഞ്ഞൂടാ...]
അച്ഛന്റെ മുഖത്തേയ്ക്ക് ഒരു സൈഡ്‌ വേയ്‌സ്‌ ഗ്ലാന്‍സിന് എവിടുന്നോ ധൈര്യം കിട്ടി.
അവിടെ കാര്‍‌മേഘങ്ങള്‍‌ മാറി ഒരു പുഞ്ചിരി വരുന്നത് ശ്വാസം അടക്കിപ്പിടിച്ചു നോക്കിനിന്നു.... അപ്പോഴെയ്ക്കും അച്ഛന്റെ ഡയലോഗ്.

"ഇതാണെനിയ്ക്ക് ആകെയുള്ള ആണ്‍‌തരി"
സമാധാനമായി.... ഞാന്‍ നോര്‍‌മല്‍ ബ്രീത്തിങ് പുനരാരംഭിച്ചു.....

മാന്യദേഹം: നിങ്ങള്‍ ആ നില്‍ക്കുന്ന മാഷിന്റെ ആളിയന്‍ അല്ലേ?
ഓഹോ... അപ്പൊ അമ്മാവന്റെ നേരെ ആരോ ഒരു ഡബിള്‍ പോയിന്റെര്‍ സെറ്റ്‌ ചെയ്തു....

അച്ഛന്‍: അതെ.

മാ.ദേ: മാഷിന്റെ മരുമകന്‍ ആണു എന്റെ മോളെ ശല്യപ്പെടുത്തുന്നത് എന്നാണ്‌ ഞാന്‍ അറിഞ്ഞത്‌. ആളെ കണ്ടാല്‍ എനിയ്ക്കറിയാം

അ: മാഷിന് എന്റെ ഭാര്യ അല്ലാതെ വേറെയും പെങ്ങന്മാരുണ്ട്‌.

പുലി അപ്പോഴേയ്ക്കും പൂച്ചയായി....

"സോറി ആളറിയാതെ പറ്റിയതാണ്‌ ക്ഷമിയ്ക്കണം". പുള്ളി സ്കൂട്ടായി....

അപ്പോഴെയ്ക്കും കഥയുടെ ഏകദേശരൂപം എനിയ്ക്കു കിട്ടി....
ഒന്ന് രണ്ട്‌ മാസമായി ചേട്ടന് എന്നോടുള്ള സ്നേഹക്കൂടുതലിന്റെ റീസണ്‍ അതാണ്.
ദിവസവും സ്കൂള്‍ വിട്ട് 15-20 മിനിട്ട്‌‍ കഴിയുമ്പോഴേയ്ക്കും എന്നെ പിക്ക് ചെയ്യുന്നു വീട്ടിനു മുമ്പില്‍ ഡ്രോപ് ചെയ്യുന്നു.... എന്തൊക്കെയായിരുന്നു... ഹും..... ദുഷ്ടാ, ആ 15 മിനിറ്റോണ്ട്‌ ഇത്രയും കാര്യങ്ങള്‍‌ ചെയ്യാറുണ്ടല്ലേ... എന്നോടൊരു വാക്കു പറഞ്ഞിരുന്നേല്‍ ഞാന്‍ എങ്ങനേലും ഊരിപ്പോകുമായിരുന്നല്ലോ...

"നിനക്കങ്ങനെ ചെയ്യാനുള്ള ധൈര്യം ഇപ്പോഴുണ്ടെന്ന്‌ എനിയ്ക്കു തോന്നുന്നില്ല. രണ്ടു കൊല്ലം
കൂടി കഴിഞ്ഞിട്ടായിരുന്നേല്‍ ഒന്നു പൊട്ടിച്ച് കഴിഞ്ഞേ ഞാന്‍ ചോദിയ്ക്കുമായിരുന്നുള്ളൂ".
അച്ഛന്റെ വിശദീകരണം.

എങ്ങാനും 'മറ്റേ' പെണ്‍കുട്ടി വീട്ടില്‍ കമ്പ്ലൈന്റ് ചെയ്ത് അതു റൌട്ട് ചെയ്ത് അച്ഛന്റെ കയ്യില്‍ എത്തിയാല്‍? താഴ്ന്ന്‌ തുടങ്ങിയ ബിപി പിന്നേം കൂടി.... ബൈപാസ് സര്‍‌ജറിയ്ക്കു പോകുന്ന രോഗിയ്ക്കു പോലും ഇത്രയും ടെന്‍ഷന്‍ കാണില്ല....

വിശാല്‍‌ജി പറഞ്ഞപോലത്തെ പ്രായമായിരുന്നിട്ടും പൊറോട്ടയും ചിക്കനും എന്ന അച്ഛന്റെ ബമ്പര്‍ ഓഫര്‍ അന്ന് എനിയ്ക്ക്‌ നിരസിയ്ക്കേണ്ടി വന്നു. (അത്രയ്ക്കു ടെന്‍ഷന്‍!!!!!!).

ആവസാനം 'കാര്യങ്ങള്‍' അമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു..... "ഇന്നുമുതല്‍ എല്ലാം നിര്‍‌ത്തിക്കോളാം" എന്ന ഉറപ്പില്‍, കാര്യങ്ങളുടെ ഹാന്‍ഡ്ലിങ്ങ്‌ അമ്മ ഏറ്റെടുത്തു. (ഇന്‍ കേസ്‌ ഓഫ്‌ എമെര്‍‌ജെന്‍‌‌സി )

അന്നു മുതല്‍ ഞാന്‍ 'ആ' കുട്ടിയുടെ പിറകെ ഉള്ള നടത്തം ഒഴിവാക്കി..... പേടിച്ചിട്ടാണെന്ന്‌ തെറ്റിദ്ധരിയ്ക്കരുത്. വെറുതെ എന്തിനാ റിസ്ക് എടുക്കുന്നെ എന്നു വിചാരിച്ചാ......

ചേട്ടന് ഞാന്‍ നല്ലപോലെ ഒരു വാര്‍‌ണിങ്ങ് കൊടുത്തു..... കാരണം ആളെ കണ്ടുപിടിയ്ക്കാന്‍
അശ്വമേധത്തിലേതുപോലെ പത്തിരുപതു ചോദ്യങ്ങള്‍ ഒന്നും വേണ്ട. പക്ഷെ കിം ഫലം... പാലം കുലുങ്ങിയാലും താന്‍ കുലുങ്ങൂല എന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ പുള്ളി പിന്നെയും അതേ 'ലൈനി'ല്‍ പൂര്‍‌വാധികം ശക്തിയോടെ കണ്‍‌ടിന്യൂ ചെയ്തു....... ആ പെണ്‍‌കുട്ടി വേറെ ഒരാളെ കല്ല്യാണം കഴിച്ച്‌ പോകുന്നതു വരെ......