കുറേ നേരമായിക്കാണും മൊബൈല്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങീട്ട്... ഞാന്‍ മൊബൈല്‍ തപ്പിപ്പിടിച്ചെടുക്കുമ്പോഴേയ്ക്കും റിങ്ങ് തീര്‍ന്നു. നോക്കുമ്പൊ 3 മിസ്ഡ് കോള്‍സ്. അതും വീട്ടീന്ന്. നല്ലോരു ഒഴിവുദിവസം ഇങ്ങനെ ഉച്ചയ്ക്ക് കിടന്നുറങ്ങി നശിപ്പിച്ചതില്‍ കുറച്ചു വിഷമം തോന്നി. സൌണ്ടൊക്കെ ഒന്നു ക്ലിയറാക്കി ഞാന്‍ തിരിച്ചു വിളിച്ചു.
അച്ഛനാണ് ഫോണെടുത്തത്. "നീ കിടന്നുറങ്ങുകായിരുന്നോ? മൂന്നുപ്രാവശ്യം ഫുള്‍ റിങ് അടിച്ചല്ലോ. നീ ഓണത്തിനു വന്ന് തിരിച്ചുപോകാന്‍ ടിക്കറ്റെടുത്തോ?"
അതിനെല്ലാം മറുപടി പറഞ്ഞ് ഞാന്‍ പിന്നെയും കിടക്കയിലേയ്ക്ക് വീണു.
അപ്പൊഴാണ് ഓണത്തിനെക്കുറിച്ചാലോചിയ്ക്കാന് തുടങ്ങിയത്. ഏറ്റവും അവസാനം ഓണത്തിനിടാനായി പൂവിറുത്തത് 10ല്‍ പഠിയ്ക്കുമ്പൊഴാണ്. അതില്‍പ്പിന്നെ പ്രീഡിഗ്രീ-എന്‍ട്രന്‍സ് ക്ലാസുകളുടെ തിരക്കായി. അതുകഴിഞ്ഞ് ഹോസ്റ്റല്‍ ജീവിതവും. ഇപ്പൊ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ഏറ്റവും നല്ല ഓണക്കാലം 4-10 വരെ പഠിയ്ക്കുന്ന സമയത്തായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു.
അതിരാവിലെ 4 മണി എന്നൊരു സമയമുണ്ടെന്ന് എനിയ്ക്കു മനസ്സിലായത് ആ കാലത്താണ്. അതിനു മുമ്പോ അതിനു ശേഷമോ ഞാന്‍ രാവിലെ 4 മണി എന്ന സമയം കണ്ടിട്ടില്ല. എന്തിന് എസ്.എസ്.എല്‍.സി. പരീക്ഷക്കാലത്തുപോലും ഞാന്‍ അത്രയും നേരത്തെ എണീറ്റിട്ടില്ല !!!.
ഓണത്തിനെ സ്വീകരിയ്ക്കാന്‍ ചില ബാക്ഗ്രൌണ്ട് പ്രിപ്പറേഷന്‍സ് ആ കാലത്ത് ചെയ്യുമായിരുന്നു. ആദ്യമായി ധാരാളം തുമ്പപ്പൂ ഉള്ള പറമ്പുകള്‍ കണ്ട് പിടിയ്ക്കണം. അത് അത്തത്തിനു രണ്ട് മൂന്ന് ദിവസം മുമ്പുതന്നെ കണ്ടുപിടിയ്ക്കും. അടുത്ത പരിപാടി നല്ലൊരു പൂക്കൂട മെടഞ്ഞെടുക്കുക എന്നതാണ്. ഒന്നുകില്‍ രണ്ട് മൂലകളുള്ള കൂട അല്ലെങ്കില്‍ നാലുമൂലകളുള്ള കൂട. അതു മെടയാനുള്ള ട്രെയിനിങ് അച്ഛന്റെ കയ്യില്‍ നിന്നും കിട്ടിയിട്ടുണ്ട്. തെങ്ങോല കൊണ്ടു മെടഞ്ഞിരുന്നകാരണം അതു പത്തു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിയ്ക്കാന്‍ പറ്റുമായിരുന്നില്ല.
സുഹൃത്തുക്കളോട് മത്സരിച്ച് ഏറ്റവും കൂടുതല്‍ തുമ്പപ്പൂ പറിയ്ക്കുക എന്നതായിരുന്നു മെയിന്‍ ഐറ്റം. മുമ്പ് കണ്ടുവച്ച പറമ്പുകളില്‍ മറ്റുള്ളവര്‍ എത്തുന്നതിനുമുമ്പേ എത്തണം എന്നാലേ പൂ കിട്ടൂ. നമ്മുടെ ഗ്യാങ്ങിനെപ്പോലെ വേറെയും ഗ്യാങ്ങുകള്‍ അവിടെ വരും. അവരെത്തുന്നതിനുമുമ്പേ എത്താനാണ് 4 മണിയ്ക്ക് കഷ്ടപ്പെട്ടെഴുന്നേല്ക്കുന്നത്. ചില ദിവസങ്ങളില്‍ നേരത്തെ സ്ഥലത്തെത്തിയിട്ടും വെളിച്ചമില്ലാത്തതുകാരണം പൂ പറിയ്ക്കാന്‍ പറ്റാതെ കുറച്ചുകൂടെ നേരം വെളുക്കാന്‍ കാത്തിരിയ്ക്കേണ്ടി വന്നിട്ടുണ്ട് !!!. പക്ഷെ അതിരാവിലെ എണീറ്റുള്ള ഈ പോക്കിനു ചില പാരകള്‍ ഉണ്ട്. മെയിന്‍ പാര ഞങ്ങള്‍ സ്ഥിരമായി പൂപറിച്ചോണ്ടിരുന്ന പറമ്പിന്റെ ഉടമസ്ഥന്റെ പട്ടിയാണ്. രാത്രിയില്‍ ഉടമസ്ഥന് പട്ടിയെ തുറന്നുവിടും. ഒന്നാമത്തെ ദിവസം എന്തായാലും പട്ടി ഞങ്ങളെ ഇട്ടോടിയ്ക്കും. കൂടാതെ കുരച്ച് കുരച്ച് അത് ആ പ്രദേശത്തുകാരെ മുഴുവന്‍ ഉണര്‍ത്തുകയും ചെയ്യും. ആദ്യദിവസത്തെ ഈ കലാപരിപാടിയ്ക്കുശേഷം ഉടമസ്ഥന് ഓണം കഴിയുന്നവരെ പട്ടിയെ കെട്ടിയിടും. അതുകാരണം പട്ടി അതിന്റെ ഫ്രസ്ട്രേഷന്‍ മുഴുവന്‍ കുരയ്ക്കുന്നതില്‍ പ്രകടമാക്കും. ഞങ്ങളാണേല്‍ കിട്ടുന്ന ചാന്‍സിലെല്ലാം പട്ടിയെ കൊഞ്ഞനം കുത്തി കാണിയ്ക്കുകേം ചെയ്യും.
ആദ്യത്തെ മൂന്നു നാലു ദിവസങ്ങള്‍ കഴിയുമ്പോള്‍ കൂടുതല്‍ പിള്ളേര് ഈ സ്ഥലത്തെപ്പറ്റി അറിയുകയും അതുകാരണം ഗോമ്പറ്റീഷന് കൂടുകയും ചെയ്യും. പിന്നെയുള്ള ആശ്രയം ബീച്ചിനടുത്തുള്ള തുമ്പച്ചെടികളാണ്. അവയ്ക്കുള്ള ഒരു പ്രശ്നം എന്താണെന്നു വച്ചാല്‍ പൂവിനു സാധാരണ പറമ്പില്‍ വളരുന്ന തുമ്പച്ചെടിയുടെ പൂക്കളുടെ അത്ര നിറം ഉണ്ടാകില്ല. എന്നാലും കൂട നിറച്ച് പൂ പറിയ്ക്കാനുള്ള അത്യാഗ്രഹത്തിനുമുമ്പില് ഇതൊന്നും ഒരിയ്ക്കലും ഒരു പ്രശ്നമേ അല്ലായിരുന്നു.
അക്കാലത്ത് കടയില്‍ നിന്നു വാങ്ങുന്ന പൂക്കള്‍ ഉപയൊഗിയ്ക്കുന്നത് വളരെ കൂറവായിരുന്നു. തൊട്ടാവാടിയും അരിപ്പൂവും കാക്കപ്പൂവും ഒക്കെയായിരുന്നു പൂക്കളത്തില്‍ ഉപയോഗിച്ചിരുന്നത്. മുക്കുറ്റി വളരെ അപൂര്‍വ്വമായി മാത്രമേ ഞാന്‍ ഉപയോഗിച്ചിട്ടുള്ളൂ. അതിനു പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു. ഒന്ന് അതിറുത്തെടുക്കാനുള്ള മടി. രണ്ടാമത്തെ കാരണം മുക്കുറ്റിയേക്കാള് എളുപ്പത്തില്‍ മഞ്ഞ അരിപ്പൂവു കിട്ടും എന്നുള്ളതും.
ഒന്നാം ഓണത്തിന് ഒരു കുട രണ്ടാമോണത്തിനു രണ്ടുകുട എന്നിങ്ങനെ ചെമ്പരത്തിപ്പൂകൊണ്ട് പൂക്കുട കുത്തും. അതൊരു അഞ്ച് ആറൊക്കെ എത്തുമ്പോഴേയ്ക്കും നമ്മുടെ വീട്ടിലെ ചെമ്പരത്തി മതിയാകാതെ വരും. അവിടെയാണ് തലേദിവസം തന്നെ, വിരിയാറായ ചെമ്പരത്തി മൊട്ട് പറിച്ചു കൊണ്ട് വെയ്ക്കുക എന്ന സൂത്രം പ്രയോഗിയ്ക്കേണ്ടത്. ഈ വിദ്യ വേറെ ആളുകള്‍ക്കും അറിയാവുന്ന കാരണം ആദ്യം സ്വന്തം വീട്ടില്‍ പ്രയോഗിയ്ക്കണം അതിനുശേഷം വേറെ വീട്ടിലെ ചെമ്പരത്തിയില്‍ പ്രയോഗിയ്ക്കാം.
പൂവിറുത്ത് വീട്ടിലെത്തിയാല്‍ അടുത്ത പരിപാടി കുളത്തിലേയ്ക്കോടുകയാണ്. അവിടെ കളിച്ച് മദിച്ച് വെള്ളം മുഴുവന്‍ കലക്കി, അവിടെ അലക്കാന്‍ വരുന്ന ചേച്ചിമാരുടെ അടുത്തുനിന്നും ചീത്തകേട്ട് അങ്ങനെ ഒരു മണിക്കൂര്‍ അവിടെപ്പോകും. പൂവിടല്‍ പൂ പറിയ്ക്കുന്നതിന്റെ അത്ര സുഖമുള്ള ഒരു കാര്യമായി എനിയ്ക്കു തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനിടുന്ന പൂക്കളങ്ങളിലെല്ലാം തുമ്പപ്പൂക്കള്‍ കൂടുതലും ബാക്കിപ്പൂവുകള് സൈഡ് ആര്ട്ടിസ്റ്റുമാരുമായിരുന്നു.
തിരുവോണത്തിന് എല്ലാ അനിയന്മാരും അനിയത്തിമാരും ചേട്ടനും ചേച്ചിയും അമ്മയുടെ വീട്ടില്‍ വരും. അതായിരുന്നു ഞങ്ങള്‍ ഏറ്റവും കാത്തിരുന്ന ദിവസം. ഞങ്ങള്‍ പലതരം കളികളും ദൂരദര്‍ശനിലെ ഓണപ്പരിപാടികളുമൊക്കെയായി ആ ദിവസം ആഘോഷിയ്ക്കും. അന്നു വൈകുന്നേരം എല്ലാരും തിരിച്ച് അവരവരുടെ വീടുകളിലേയ്ക്ക് പോകുമ്പോള്‍ എന്തോ ഒരു വല്ലാത്ത വിങ്ങലാണ്.
അതൊക്കെ കഴിഞ്ഞ് കാലം കുറേ ആയി ...
എല്ലാരും വലുതായി, ഓരോ ജോലികളില്‍ പ്രവേശിച്ച് പല നാടുകളില്‍ താമസിയ്ക്കുന്നു. ഇപ്പൊഴും തിരുവോണത്തിന് അമ്മയുടെ വീട്ടില്‍ ഒത്തുകൂടാറുണ്ട്. പക്ഷെ അതിനൊന്നും പണ്ടത്തെ ആ സുഖം ഇല്ല. ഓരോരുത്തരും അവരവരുടേതായ ടെന്‍ഷനും കൊണ്ട് നടക്കുന്നു. ഞാന്‍ തന്നെ തിരുവോണമടുപ്പിച്ച് രണ്ട് മൂന്ന് ദിവസം മാത്രം വീട്ടിലെത്തുന്ന ഒരു വിരുന്നുകാരനായി. വീട്ടില്‍ കഴിഞ്ഞകുറച്ചു വര്‍ഷങ്ങളായി പൂക്കളമൊരുക്കാറുണ്ടായിരുന്നത് അടുത്ത വീട്ടിലെ കുട്ടിയായിരുന്നു. കുറച്ചു മാസങ്ങള്‍ മുമ്പേ അവര്‍ വീടുമാറി. ഈ പ്രാവശ്യം വീട്ടില്‍ ആരെങ്കിലും പൂവിടുന്നുണ്ടോ എന്നുപോലും അറിയില്ല. എനിയ്ക്ക് നഷ്ടബോധം ഉണ്ട്. പക്ഷെ ഞാനും മുന്നോട്ട് തന്നെ നടക്കുന്നു. നിര്‍മ്മലേച്ചി പറഞ്ഞപോലെ, തിരിഞ്ഞുനോക്കാന്‍ സമ്പന്നമായ ഒരു ബാല്യമുള്ളത് ഒരു അനുഗ്രഹമായി ഞാനും കരുതുന്നു.
There was quote by someone "What I ve got from my childhood are not toys, but memories. Happy memories are better than any toy "
Thursday, August 23, 2007
Subscribe to:
Post Comments (Atom)
8 comments:
ഇതെന്റെ ഓര്‍മ്മയിലെ ഓണം. എല്ലാര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
ഓണാശംസകള്‍
ഓടിപായും ജീവിതം
ഓടി തളരുബോല്
ഓര്‍ക്കാന്‍ ഓമനിക്കാന്‍
ഒളിമങ്ങാത്ത ബാല്യത്തിലെ
ഒരു മധുരമൂറും
ഒരോണക്കാലം
നന്മകള് നേരുന്നു
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
ഓര്‍മ്മയിലെ ഓണം ഇറ്റലിയില്‍....
ഗുഡ്...
Not that fast in typing in Malayalam keypad...so in English:(
really nice one...even i thought of my childhood days for sometime....sharikkum nashtabhodam thonnunnu....thirakkitta jeevitham:)evideyokkeyo ethipidikkaan vendi oodunnu....Onam thanne illa ennu parayunnathaanu satyam:(
Anyway,
ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
:)
Good one, was wondering why no new ones for a long time .... write more regularly please :)
Thanks for your comment!
and nice to read your childhood days!
ഇവിടെ വന്ന് കമന്റിയ മന്‍സൂര്‍, സാല്‍ജോ, രേഷ്മ, ഷെറിന്, സുനീതി, yasj എല്ലാര്ക്കും നന്ദി... :)
Post a Comment