Tuesday, September 18, 2007

മുന്താണി...

ആദ്യത്തെ ശമ്പളം അക്കൌണ്ടില്‍ ക്രെഡിറ്റ് ആയി എന്നറിഞ്ഞപ്പോള്‍ എനിയ്ക്കുണ്ടായ സന്തോഷം...... ഹൊ. അതിനു സമാനമായിട്ടൊന്നും തന്നെ ഇതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ മൂന്ന് നാല് ദിവസമായി മനസ്സില്‍ എഴുതുകയും വെട്ടിത്തിരുത്തുകയും ചുരുട്ടിക്കൂട്ടിക്കളഞ്ഞ്‌ വീണ്ടും എഴുതുകയും അവസാനം ഇതെല്ലാം കൂടെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ആകുമോ എന്ന പേടികാരണം അതിനെപ്പറ്റി ഓര്‍ക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കുകയും അതില്‍ പരാജയപ്പെട്ട്‌ ദുഖിച്ചിരിയ്ക്കുകയും... എല്ലാം കൂടെ ഞാനൊരു സംഭവമായി മാറി.

അവസാനം ആ ദിവസം വന്നു!!!!

കിട്ടിയ കാശു മുഴുവന്‍ അന്നു‌തന്നെ ചെലവാക്കിത്തീര്‍ത്താലോ എന്ന ദുഷ്‌ചിന്ത(?) വരെ എനിയ്ക്കൂ പെട്ടെന്നുണ്ടായി. എന്റെ സ്വന്തം കാശ്‌ ഞാന്‍ എന്തുവേണേലും ചെയ്യും ആരാ ചോദിയ്ക്കാന്‍ തുടങ്ങിയ വലിയ വലിയ അഹങ്കാരങ്ങള്‍ ചിന്തിച്ച് കൂട്ടി ഞാന്‍ അവസാനം വര്‍ക്കീസിലെത്തി. അവിടത്തെ കേക്ക്‌ (കേക്ക്‌ ഏതായാലും) എന്റെ ഒരു വീക്നെസ്സാണ്. കേക്കും വേറെ കുറേ സ്വീറ്റ്സും വാങ്ങി നേരെ നമ്മുടെ ചേട്ടന്റെ ഓഫീസിലേയ്ക്ക്‌ വെച്ചുപിടിച്ചു. ഇനിയത്തെ കലാപരിപാടിയ്ക്ക്‌ പുള്ളിയുടെ സഹായം വേണം.

സസ്പെന്‍സ് ഒന്നുമില്ല... എനിയ്ക്‌ ‘കുറച്ച്‌‘ ഡ്രെസ്സ്, അമ്മമ്മയ്ക്ക്‌, അച്ഛന് പിന്നെ അമ്മയ്ക്കൊരു സാരി. ഇതില്‍ അവസാനത്തെ ഐറ്റത്തിന് പുള്ളിയുടെ സഹായം ചോദിയ്ക്കാന്‍ പോയതാണ്. ഓഫീസില്‍ ചെന്നപ്പൊ ചേട്ടനു മുടിഞ്ഞ തിരക്ക്‌. എന്നോട്‌ വെയിറ്റ് ചെയ്യു നമുക്കിപ്പൊ പോകാം എന്ന വാഗ്ദാനവും തന്നു. ഇപ്പൊ എന്ന സമയം 1-1.5 മണിക്കൂറിനുശേഷമാണ് വന്നത്‌. നേരെ ഞങ്ങള്‍ എസ്.എം. സ്ട്രീറ്റിലേയ്ക്ക്‌ വെച്ചുപിടിച്ചു. അവിടെ എത്തുമ്പോഴേയ്ക്കും കടകള്‍ അടച്ചുതുടങ്ങിയിരുന്നു. ലിസ്റ്റിലെ അവസാന ഐറ്റം ആയ സാരി വാങ്ങാന്‍ പസഫിക് സ്റ്റോര്‍സില്‍ കേറി. അമ്മയുടെ കൂടെ ഷോപ്പിങ്ങിനു പോകുമായിരുന്ന കാലത്ത്‌ അമ്മ ആ കടയില്‍ നിന്നും സാധനം വാങ്ങുന്നത്‌ ഓര്‍ത്താണ് കേറിയത്‌. കുറച്ചു പ്രായം ചെന്ന ആളായിരുന്നു അവിടെ അപ്പോള്‍ ഉണ്ടായിരുന്നത്‌. സാരി വേണം എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിച്ചു. സുരേഷ് ഗോപി, കന്നഡ കേട്ടാല്‍ മനസ്സിലാകും എന്നു പറഞ്ഞപോലെ ആ ടൈപ് സാരി കണ്ടാല്‍ മനസ്സിലാകും എന്നു ഞാന്‍ പറഞ്ഞു. അദ്ദേഹം ഞങ്ങളെ ഒന്ന്‌ സൂക്ഷിച്ച്‌ നോക്കി. പിന്നെ കുറേ ടൈപ്പ്‌ സാരികള്‍ എടുത്ത്‌ മേശപ്പുറത്തിട്ടു.

എല്ലാ സാരികളും കവറിനു പുറത്തെടുക്കേണ്ട വേണ്ടതൂ ഞാന്‍ പറയാം എന്നു ഞാന്‍ സഹായിക്കാന്‍ പറഞ്ഞപ്പൊ അദ്ദെഹം ‘ഇവന്‍ ഏതു നാട്ടുകാരന്‍’ എന്ന ഭാവത്തില്‍ എന്നെ നോക്കി.

ഈ സമയത്തെല്ലാം മനസ്സില്‍ ഞാന്‍ എന്നെത്തന്നെ ചീത്തവിളിയ്ക്കുകയായിരുന്നു. പണ്ട്‌ അമ്മയുടെ കൂടെ വരുമ്പോള്‍ ഒരിയ്ക്കലും ഡ്രെസ്സില്‍ ശ്രദ്ധിയ്ക്കാതെ ടോപ്ഫോമിലെ ബിരിയാണിയില്‍ മാത്രം മനസ്സുവെച്ചതിന്.

അവസാനം എനിയ്ക്കിഷ്ടപ്പെട്ട ഒരു സാരി ഞാന്‍ ഒരു കവറില്‍ കണ്ടു. “ചേട്ടാ ഇതെങ്ങനെ“ എന്ന ചോദ്യത്തിന് ഞാനിതങ്ങോട്ട്‌ ചോദിയ്ക്കാനിരിയ്ക്കുകയായിരുന്നു എന്നു മറുപടീം കിട്ടി.
“ഇതു മതി. വിത്ത്‌ ബ്ലൌസല്ലേ”. ഞാന്‍ എന്റെ പരിജ്ഞാനം കാണിയ്ക്കാന്‍ തുടങ്ങി. ചേട്ടന്‍ അത്ഭുതത്തോടെ ഇതൊക്കെ നിനക്കറിയോ എന്ന മട്ടില്‍ എന്നെ നോക്കുന്നത്‌ ഞാന്‍ കണ്ടില്ല എന്നു നടിച്ചു. പുവര്‍ ബോയ് ഒന്നും അറിഞ്ഞൂട. അപ്പൊഴാണ് കടയിലെ ചേട്ടന്‍ പണി പറ്റിച്ചത്‌.

“ഇതിന്റെ മുന്താണി കാണണ്ടേ ?”

ന്താ..?

അല്ല ഇതിന്റെ മുന്താണി കാണണ്ടേ ന്ന്‌

ഡിം... മാനം പോയി. ഈ ഐറ്റം എന്താണെന്നറിയില്ലേലും അമ്മയുടെ സംഭാഷണത്തില്‍ ഈ വാക്ക്‌ പലപ്പോഴും കേട്ടിട്ടുണ്ട്‌. ചേട്ടനെ മാറ്റിനിര്‍ത്തി സ്വകാര്യം ചോദിച്ചു. “എന്താണീ ഐറ്റം. എവിടെയോ കേട്ടിട്ടുണ്ട്‌. പക്ഷെ എന്താന്ന്‌ അറിഞ്ഞൂട”.
“ഓഹോ... നീയല്ലെ ഷോപ്പിങ് കാരന്‍ നീതന്നെ കണ്ടുപിടിച്ചാല്‍ മതി“. അതും പറഞ്ഞ്‌ ചേട്ടന്‍ കടയിലെ സീലിങ്ങില്‍ കത്തി നിക്കുന്ന ട്യൂബുകളുടെ കണക്കെടുക്കാന്‍ തുടങ്ങി.

ഈ പരുങ്ങലൊക്കെ കണ്ട്‌ സെയില്‍‌സ്മാന്‍ ചേട്ടനു കാര്യം മനസ്സിലായി. അദ്ദേഹം സാരി നിവര്‍ത്തി മുന്താണി എന്താണെന്ന്‌ കാണിച്ചു തന്നു. അതില്‍പ്പിന്നെ എപ്പൊ അമ്മ സാരി മേടിച്ചു വീട്ടില്‍ക്കൊണ്ടോന്നാലും അതു തുറന്ന്‌ മുന്താണി നോക്കുന്നത്‌ ഒരു ശീലമായി.


വാല്‍‌കഷ്ണം:

1. അന്ന്‌ വാങ്ങിയ സാരി ഇഷ്ടപ്പെട്ടു എന്ന് അമ്മ പറഞ്ഞു. എന്നെ നിരാശപ്പെടുത്തണ്ട എന്നു കരുതിയല്ല, ശരിയ്ക്കും അമ്മയ്ക്ക്‌ ഇഷ്ടമായെന്ന്‌ ഞാന്‍ വിശ്വസിച്ചു/ക്കുന്നു.

2. ചേട്ടന്റെ കല്യാണം കഴിഞ്ഞ്‌ ചേട്ടനും ചേട്ടത്തിയും കൂടെ ഒരു ദിവസം വീട്ടില്‍ വന്നു. സംസാരത്തിനിടയില്‍ ചേട്ടത്തിയുടെ സാരിസെലക്ഷനെ അമ്മ പുകഴ്ത്തി. അത്‌ ചേട്ടന്റെ സെലക്ഷനാണെന്നും ചേച്ചി സെലക്റ്റ് ചെയ്ത സാരിയുടെ മുന്താണി ശരിയല്ല എന്നുപറഞ്ഞ്‌ അതു മാറ്റി എന്നും പറഞ്ഞതോടെ അമ്മയും ഞാനും ചിരിയ്ക്കാന്‍ തുടങ്ങി കൂടെ ചേട്ടനും. ചേച്ചി ഇതിലെന്താ ചിരിയ്ക്കാന്‍ എന്നത്ഭുതപ്പെട്ടു ഞങ്ങളുടെ മുഖത്തുനോക്കി വണ്ടറടിച്ച്‌ നില്‍ക്കുകേം ചെയ്തു.