Friday, November 2, 2007

എക്സര്‍സൈസ്...

എന്‍‌ട്രന്‍സ് പരീക്ഷയൊക്കെ കഴിഞ്ഞ്‌ ഇനി എന്തുചെയ്യണം എന്നറിയാതെ നടക്കുന്ന കാലം. ആകെയുള്ള റെഗുലര്‍ ആക്റ്റിവിറ്റി എല്ലാ ഞായറാഴ്ചയും ബീച്ചില്‍ പോയി വായില്‍നോട്ടം കം സണ്‍സെറ്റ്‌ സീയിങ്ങ് കം ഗാനമേള (7 മണിക്കുശേഷം). അങ്ങനെ ഒരു ദിവസം ഗാനമേളയൊക്കെ കഴിഞ്ഞ്‌ പാറപ്പുറത്ത്‌ മലര്‍ന്നു കിടന്ന്‌ ആകാശത്തെ നക്ഷത്രങ്ങളെണ്ണുമ്പോള്‍ ചേട്ടനൊരൈഡിയ... നാളെ മുതല്‍ എക്സര്‍‌സൈസ് പുനരാരംഭിച്ചാലോ ? [ ഇതിനു മുമ്പ്‌ ഞാന്‍ ഉള്‍പ്പെട്ട എക്സര്‍‌സൈസ് പ്രോഗ്രാം നടന്നത്‌ 10 ലെ പരീക്ഷ കഴിഞ്ഞ്‌ ഇനി എന്ത്‌ എന്നറിയാതെ തേരാപരാ നടക്കുമ്പോഴായിരുന്നു എന്നു കൂടെ ഓര്‍മ്മിപ്പിക്കട്ടെ.] ഇങ്ങനത്തെ ഐഡിയകള്‍ക്ക്‌ എന്നും വളംവെച്ചും വെള്ളമൊഴിച്ചും സപ്പോര്‍‌ട്ടിയിട്ടുള്ള മൂരാച്ചികളായ എല്ലാ കൂട്ടുകാരും സമ്മതിച്ചു. രാവിലെ എന്നു പറഞ്ഞാല്‍ സുഖമായി കിടന്നുറങ്ങേണ്ട സമയമാണെന്നും അതു ഓടിയും ചാടിയും വേസ്റ്റാക്കരുതെന്നും ഞാന്‍ എനിയ്ക്കറിയാവുന്ന ഭാഷകളില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു... പക്ഷെ ദയനീയമായി പരാജയപ്പെട്ടു. അവസാനം മീറ്റിങ്ങ് മിനുട്സ് ചേട്ടന്‍ ഒന്നൂടെ ആവര്‍ത്തിച്ചു.

ചേട്ടന്‍ രാവിലെ 5 മണിയ്ക്ക്‌ എന്നെ വന്നു വിളിയ്ക്കും. അതു കഴിഞ്ഞ്‌ ഞങ്ങള്‍ ബാക്കിയുള്ളോരേം കൂട്ടി ബീച്ച്‌ വരെ ഓടും ... ...

ഞാനവിടെ "ഒബ്ജക്ഷന്‍ യുവറോണര്‍ 5 എന്നത്‌ ഒരു 6 എങ്കിലും ആക്കണം" അടിച്ചെങ്കിലും അത് ഓവര്‍‌റൂള്‍ഡ്‌ ആയി. അതോടെ ഞങ്ങളുടെ എക്സര്‍‌സൈസ് സീസണ്‍ ആരംഭിച്ചു... ഇപ്പൊ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഇഷ്ടമല്ലേല്‍ പോകാണ്ടിരുന്നാപ്പോരേന്ന്‌... ന്യായമായ സംശയം. പക്ഷെ അങ്ങനെ പോകാണ്ടിരുന്നാല്‍ അവന്മാര്‍ നമ്മളെ കൂട്ട്‌വെട്ടിക്കളയും. അതിലേറെ അതു ഇമേജിന്റെ പ്രശ്നവും കൂടി ആയിരുന്നു. അതാണ് മൂരാച്ചികള്‍ ഒന്നൊഴിയാതെ എല്ലാരും ഇതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള പ്രധാന കാരണം.

അങ്ങനെ ഞങ്ങളുടെ എക്സര്‍‌സൈസ് സീസണ്‍ ആരംഭിച്ചു... ചേട്ടന്‍ വീട്ടില്‍ വന്ന് എന്നെ വിളിച്ചെണീപ്പിച്ച് കൊണ്ടോകുന്നു. പിന്നീട്‌ ഓരോ മൂരാച്ചിയേയായി അവരവരുടെ വീട്ടില്‍ നിന്നും പിക്ക്‌ ചെയ്യുന്നു. എന്നിട്ട് ഓട്ടമാരംഭിയ്ക്കുന്നു. ബീച്ചിലെത്തുമ്പോഴേയ്ക്കും ഞാന്‍ പട്ടി കിത്യ്ക്കുന്നതുപോലെ കിതയ്ക്കുന്നുണ്ടാവും. ബാക്കിയുള്ളോരൊക്കെ, നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാ... പിറന്നു വീണതു മുതല്‍ ഞാന്‍ 5000,10000 മീറ്റര്‍ ഓടുന്നതല്ലെ, ഇതൊക്കെ എത്ര നിസ്സാരം എന്ന ഭാവം മുഖത്തു വരുത്താന്‍ കഷ്ടപ്പെട്ടു ശ്രമിയ്ക്കും. അതും നേരത്തെ പറഞ്ഞ ഇമേജിന്റെ പ്രശ്നം. അവിടെയെത്തിയാലും ദുരിതം തീരില്ല. അവരെല്ലാം മണലില്‍ പുഷ് അപ്, കാറ്റാടിയില്‍ പുള്‍ അപ് തുടങ്ങിയ അഭ്യാസങ്ങള്‍ തുടങ്ങും. ചേട്ടന് എന്നെ നല്ല വിശ്വാസമുള്ളതുകൊണ്ട് ആദ്യം എന്നെക്കൊണ്ട്‌ പുള്‍ അപ്പ് ചെയ്യിക്കും. ദൈവം സഹായിച്ച്‌ 3 നപ്പുറം കടക്കാന്‍ എന്നെക്കൊണ്ട്‌ പറ്റില്ല. അതു കഴിഞ്ഞാല്‍ ഞാന്‍ റെസ്റ്റ്‌ എടുക്കും... അതായത്‌ ഞാന്‍ കാറ്റാടികള്‍ക്കിടയില്‍ക്കിടന്നുറങ്ങും. അവിടെയാണേല്‍ ഒടുക്കത്തെ കൊതുകു ശല്യവും. എന്നാലും നമ്മള്‍ വിട്ടുകൊടുക്കുമോ? ഒരിയ്ക്കലുമില്ല. അങ്ങനെ ഒരു 7-7.30 വരെ അവിടെക്കിടന്നുറങ്ങും. അഭ്യാസമൊക്കെക്കഴിഞ്ഞ്‌ തിരിച്ചുപോകാറാകുമ്പോള്‍ അവരെന്നെ വിളിയ്ക്കും. ഓടി ബീച്ചുവരെ വന്ന ഞങ്ങള്‍ സാവധാനം നടന്ന്‌ തിരിച്ചുപോകും...


വീട്ടിന്റെ ഗെയിറ്റിലെത്തുമ്പോഴേയ്ക്കും ദേഹത്തിട്ടിരുന്ന ടീഷര്‍ട്ട് ഊരി ചുമലിലിട്ടിരിയ്ക്കും... എല്ലാം കൂടെ യോദ്ധയില്‍, കബഡി കളിയില്‍ തോറ്റ അപ്പുക്കുട്ടന്‍ വീട്ടിലെത്തുന്ന പോലത്തെ രംഗം. “ദേ വന്നിരിയ്ക്കുന്നു നമ്മുടെ മ്വാ‍ാ‍ാന്‍” എന്നതിനു പകരം “അവരെല്ലാം ഓടുന്നത്‌ മിലിട്ടറി സെലക്ഷന്‍ മുന്നില്‍ കണ്ടിട്ട്‌. അതിന്റെ കൂടെ നീയെന്തിനാ ഓടുന്നത്‌” ഡയലോഗ് പറഞ്ഞ്‌ അച്ഛന്‍ സ്വീകരിയ്ക്കും.


ദിവസം ചെല്ലുന്തോറും എന്നെപ്പോലെ റെസ്റ്റ്‌ എടുക്കുന്നവരുടെ എണ്ണം കൂടിക്ക്കൂടി വന്നു. അവസാനം എല്ലാരും റെസ്റ്റെടുക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഈ അഭ്യാസങ്ങള്‍ ദിവസവും കണ്ടോണ്ടിരുന്ന ഒരപ്പൂപ്പന്‍ ഗതികെട്ട് ഒരൂസം

"അല്ല പിള്ളേരെ നിങ്ങള്‍ക്ക് കിടക്കാന്‍ വീട്ടില്‍ സ്ഥലമില്ലേ? ഞാന്‍ കുറച്ചു ദിവസമായി ശ്രദ്ധിയ്ക്കുന്നു. എല്ലാരും കൂടെ എന്നും രാവിലെ കടപ്പുറത്ത്‌ വന്ന്‌ കിടന്നുറങ്ങുന്നു. നിങ്ങള്‍ക്ക്‌ കഞ്ചാവിന്റെ പരിപാടിയെങ്ങാനുമുണ്ടോ"

എന്ന ന്യായമായ സംശയം ഉന്നയിച്ചു. അതോടെ, അതായത് ആ മിനുട്ടില് അല്ലെങ്കില്‍ ആ സെക്കന്റില് ഒന്നൊന്നര മാസം നീണ്ട ഞങ്ങളുടെ ബീച്ച്‌ എക്സര്‍‌സൈസ് മഹാമഹം അവസാനിച്ചു!!!!!!!

10 comments:

അരവിന്ദ് :: aravind said...

ഹഹ ദീപൂ..രസിച്ചു!

നമ്മളെല്ലാവരും ആരെയോ ബോധിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ എപ്പോളെങ്കിലും ചെയ്യില്ലേ? ഡല്‍ഹിയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്നപ്പോള്‍ എന്റെ വീട്ടുടമസ്ഥ അത്താഴം കഴിഞ്ഞ് മധുരം കഴിക്കാനായി മില്‍ക് പേഡ മേശപ്പുറത്ത് വെയ്കുമായിരുന്നു.ആദ്യത്തെ ദിവസം കഴിച്ചപ്പോള്‍ തന്നെ, അതിന്റെ രുചി ഞങ്ങള്‍ക്കിഷ്ടമായില്ല.
പക്ഷേ അതു കഴിഞ്ഞും എല്ലാ ദിവസവും ഞാനും എന്റെ കൂട്ടുകാരനും അത്താഴം കഴിച്ചു കഴിഞ്ഞാല്‍ വളരെ കൊതി അഭിനയിച്ച്,‍ ഒരോ പേഡ വീതെമെടുത്ത്, റൂമില്‍ കൊണ്ടു വന്ന ശേഷം, കക്കൂസിലിട്ട് ഫ്ലഷ് ചെയ്ത് കളയുമായിരുന്നു.
അങ്ങനെ അവരുടെ പേഡ മുഴുവനും വെറുതേ കക്കൂസില്‍ പോയി.

വേണ്ടെങ്കില്‍ എടുക്കാതിരുന്നാല്‍ പോരേ എന്ന് പലപ്പോഴും ചിന്തിച്ചു..പക്ഷേ അവര്‍ക്ക് സങ്കടമായാലോ എന്ന് ചിന്തിച്ച്.

ഇത് വായിച്ചപ്പോ അതോര്‍ത്തു എന്നേയുള്ളൂ.

ശ്രീ said...

ദീപൂ...
രസകരമായിരിക്കുന്നു.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദീപൂ‍ കലക്കി. എന്നാലും തിരിച്ചു വീട്ടില്‍ വന്നു കിടന്നാല്‍ പോരെ?

ഓടോ: അരവിന്ദേട്ടോ ഇനി പേഡ തിന്നാല്‍ വയറിളക്കം വരും നോക്കിക്കോ പാവം പേഡ.

വാണി said...

ഹഹഹഹ..ദീപൂ..രസിച്ചു വായിച്ചൂ ട്ടോ.

Dhanya said...

That was a nice narration :)
chumma kothukukadi kondathu michaam ;)

സഹയാത്രികന്‍ said...

"അല്ല പിള്ളേരെ നിങ്ങള്‍ക്ക് കിടക്കാന്‍ വീട്ടില്‍ സ്ഥലമില്ലേ? ഞാന്‍ കുറച്ചു ദിവസമായി ശ്രദ്ധിയ്ക്കുന്നു. എല്ലാരും കൂടെ എന്നും രാവിലെ കടപ്പുറത്ത്‌ വന്ന്‌ കിടന്നുറങ്ങുന്നു. നിങ്ങള്‍ക്ക്‌ കഞ്ചാവിന്റെ പരിപാടിയെങ്ങാനുമുണ്ടോ"

ഹ ഹ ഹ ദീപൂ രസിച്ചുട്ടോ...

‘റാംജിറാവു സ്പീക്കിംഗ്‘ ല്‍ ‘ഇന്നസെന്റ്‘ ചോദിക്കണ പോലെ..., “ സത്യത്തില് നിങ്ങള്‍ക്ക് കഞ്ചാവിന്റെ പരിപാടി ഉണ്ടായിരുന്നോ...?

:)

കുഞ്ഞന്‍ said...

എന്തായാലും ഉറങ്ങാനെങ്കിലും പറ്റിയല്ലൊ, ബാക്കിയുള്ളവന്‍ വ്യായാമം ചെയ്യാന്‍പോയിട്ട് ഒന്നും നേടാനും പറ്റീല്ല പിന്നെ വെളുപ്പാന്‍ കാലത്തെ ആ സുഖകരമായ ഉറക്കവും പോയി..!

ദീപു : sandeep said...

ഇവിടെ വന്ന്‌ അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി...

ശ്രീഹരി::Sreehari said...

നന്നായിട്ടുണ്ട് :)

Unknown said...

That was a nice one :-)